malayalam news

ഹരീഖ്..... ഈന്തപ്പനയുടെയും ഓറഞ്ചുകളുടെയും നാട്ടിലേക്ക്‌ ഒരു യാത്ര


റസിയ സലിം ,റിയാദ് 
 
റിയാദിൽ നിന്നും ഇരുന്നൂറു കിലോമീറ്റർ അകലെ ഒരു ചെറുപട്ടണം,ഹരിക്ക് .... ഇവിടെ നിന്നും രാവിലെ എട്ടുമണിക്ക് യാത്ര തീരുമാനിച്ചിരുന്നെങ്കിലും പുറപ്പെടുമ്പോൾ പത്തുമണി കഴിഞ്ഞു. സൗദിയിലെ മനോഹരമായ ഹൈവേയിലൂടെ പ്രിയ സുഹൃത്ത്‌ ഷെഫീഖ് കിനാലൂരിന്റെ കാറിൽ സീനഷാജിയും  നാദൃഷയും  ഭാര്യ റസിയോടും ഒപ്പം ഒരു യാത്ര. കൂടുമ്പോൾ ഇമ്പമുള്ളത്  കുടുംബം മാത്രമല്ല . എന്നെ സംബന്ധിച്ചു കൂട്ടുകാരോടൊപ്പം ഉള്ള നിമിഷങ്ങൾ അമൂല്യമാണ്. ഒരു ദിവസമെങ്കിലും സ്വസ്ഥമായി നിൽക്കാമെന്ന് ഓർത്താവും  എന്റെ കണവൻ  കൂടെ വന്നില്ല. .  വണ്ടിയിൽ അന്താക്ഷരികളിച്ചും പാട്ടുപാടിയും    രാഷ്ട്രീയവും അതിന്റെ അടിയും ഒക്കെ ആയി,   പഴയ കോളേജ് കാലഘട്ടത്തിന്റെ അനുസ്മരിപ്പിക്കും പോലെ ഒരു യാത്ര.  യാത്രയുടെ സന്തോഷ നിമിഷങ്ങൾ ഇതെഴുതുമ്പോഴും  മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.
 
 ഞങ്ങൾടെ ജേർണലിസം അധ്യാപകനും  flowers ചാനലിന്റെ റിയാദ് ബ്യുറോ ചീഫ് ആയ നസ്രുദീൻ സർ  ,  എന്റെ കോളേജ്മേറ്റ്‌ ആയ ഷാജിയും   മറ്റ്‌  കുറച്ചുപേരും  മൂന്ന് വണ്ടികളിലായി കൂടെയുണ്ട്.  ആദ്യമായാണ് സൗദിയിൽ വന്നതിന് ശേഷം ഇത്ര മനോഹരമായ റോഡിലൂടെ അൻപത് കിലോമീറ്റർ   സ്പീഡിൽ ഒരു യാത്ര  തരപ്പെട്ടത്. മറ്റ് വാഹനങ്ങൾ അതിവേഗം ബഹുദൂരം എത്താനുള്ള പാച്ചിലിൽഞങ്ങളെ പിന്തള്ളി മുന്നോട്ട് കുതിച്ചുകൊണ്ടിരുന്നു  ഞങ്ങള്ടെ വണ്ടി മാത്രം ഇഴഞ്ഞു നീങ്ങി. . കൂടെ വന്ന വാഹനങ്ങളിൽ ഉള്ളവർ പലപ്പോഴും വണ്ടി പാതയോരത്ത്‌  ഒതുക്കി ഞങ്ങളെ അക്ഷമയോടെ കാത്തു നിന്നു.  എപ്പോഴൊക്കെയോ ഞങ്ങൾടെ നിർബന്ധത്തിനു വഴങ്ങി ഷഫീഖ് നൂറിന് മുകളിക്ക് എത്തി. ആദ്യമായി ആ വണ്ടിയുടെ സ്പീഡോമീറ്റർ സൂചി നൂറെന്ന ആക്കം കണ്ട് അതിശയിച്ചു നിന്നു.  ഷഫീഖ് വളരെ സൂക്ഷിച്ചും പതുക്കെയും വാഹനമോടിക്കുന്ന ആൾ ആണ്.  
 
ഹരീഖ്  എത്താറാകുംതോറും  മണ്ണുകൊണ്ട് നിർമ്മിച്ച ധാരാളം കെട്ടിടാവശിഷ്ടങ്ങൾ കണ്ട് തുടങ്ങി.  കെട്ടിടങ്ങൾ ഒരേ സ്‌ഥലത്തു കൂട്ടം കൂട്ടമായി  നിർമ്മിച്ചവ, പൗരാണിക പ്രൗഡിയെ അനുസ്മരിപ്പിക്കുന്ന വിധം  വലിയ കെട്ടിടാവശിഷ്ടങ്ങൾ.   ഒരു പക്ഷെ അത്‌ പുരാതനമായ ഒരു നഗരം ആയിരുന്നിരിക്കാം.  ഒരു കാലത്ത് അതിൽ നിറയെ മാനുഷ്യർ  വസിച്ചിരുന്നിരിക്കാം  ധാരാളം കച്ചവട സ്ഥപനങ്ങളും കാര്യാലയങ്ങളും ഉണ്ടായിരുന്നിരിക്കാം.  ഓർക്കുമ്പോൾ  ആ കാലഘട്ടത്തിലേക്ക് മനസ്സ് വെറുതെ ഒന്ന് പിന്തിരിഞ്ഞോടി. 
 
ഹരീഖ്..   ഹരീഖ് എന്ന വാക്കിന് അന്ഗ്നി എന്നാണ്അർത്ഥം. (പണ്ട് ആ പ്രദേശം  അന്ഗ്നിബാധയിൽ  നശിച്ചു പോയി എന്ന് പറയപ്പെടുന്നു അതുകൊണ്ടാണത്രെ ആ പേര് വരാൻ കാരണം.  )ഞങ്ങൾ താമസിക്കുന്ന. റിയാദ് നഗരകാഴ്ചയിൽ നിന്നും തികച്ചും വ്യത്യസ്തമായ പ്രദേശം. മലനിരകളാൽ ചുറ്റപ്പെട്ട്  നീലാകാശത്തിൽ താഴെ സ്വർഗ്ഗം പോലൊരു പ്രദേശം. സാധരണ മലനിരകളിൽ നിന്നും വ്യത്യസ്തമായി  മലകൾ കാഠിന്യമേറിയ പാറകൾ അല്ല  മറിച്ച്‌  മനുഷ്യ നിർമ്മിതമായ ഒരു കോട്ടപോലെ പ്രകൃതി അതിനെ ചെത്തി മിനുക്കി അടുക്കുകളായി നിർമിച്ചതായി  തോന്നും. പലഭാഗത്തും പാറകൾക്കു പലവിധത്തിലുള്ള രൂപങ്ങൾ കൊത്തി വെച്ചപോലെഉള്ള രൂപഘടന.. 
 
 ഒരുമണിയോടെ ഞങ്ങൾ ഹരീഖിലെ ഒരു ചെറിയ പട്ടണത്തിൽ എത്തിച്ചേർന്നു.  ഒരു കൂട്ടം മലയാളികളെ കണ്ടിട്ടാവാം അവിടെ അടുത്ത്‌  ചെറിയ സൂപ്പർമാർക്കറ്റിൽ ജോലിചെയ്യുന്ന മലയാളികൾ നോക്കുന്നുണ്ട്. ഇടക്ക് എപ്പോഴോ ഒരാൾ നിങ്ങൾ എവിടുന്നാണെന്നു ചോദിച്ചു. റിയാദിൽ നിന്ന് എന്ന് പറഞ്ഞപ്പോൾ. അവിടെ നിന്നും ഇത്ര ദൂരം ഇവിടെ എന്തുകാണാൻ എന്ന മറുചോദ്യം വന്നു. അവരെ സംബന്ധിച്ചു  തലസ്ഥാന നഗരിയായ റിയാദിൽ കിട്ടാത്ത എന്ത് കാഴ്ചയാണ് അവിടെ  എന്നാവും ചിന്ത.  അവിടെ  ഞങ്ങളെ കാത്ത് നസ്രുദീൻ സാറിന്റെ കൂട്ടുകാരൻ റോക്കി  കാത്തുനിപുണ്ടായിരുന്നു.ആദ്യം ഒരു കുന്നിലേക്കാണ്  ഞങ്ങളെ കൊണ്ടുപോയത് .  അവിടെ നിന്നു നോക്കിയാൽ ആ പ്രദേശം മുഴുവൻ  കാണാം . പ്രകൃതി തന്നെ ഒരു കോട്ട നിർമിച്ചു അവിടുത്തെ മനുഷ്യരെ  സുരക്ഷിതരാക്കിയപോലേ തോന്നും ആ കാഴ്ചകൾ.  അതിന് താഴെ ഈന്തപ്പന തോട്ടങ്ങൾ.  ഹരീഖിന്റെ ഒരു പ്രത്യേകത ഈന്തപ്പഴ സംഭരണ ശാലകൾ അല്ലാതെ അവിടെ ഒരു വ്യവസായ ശാലകളും പ്രവർത്തിക്കുന്നില്ല എന്നതാണ്.   അതുകൊണ്ടുതന്നെ  പ്രകൃതി  മാലിന്യ മുക്തമാണ്.  ആയിരം വർഷം പഴക്കമുള്ള കിണർ ഇപ്പോഴും അവിടെ യുണ്ട്.  ഇപ്പോൾ കൃഷിയാവശ്യത്തിനായി ആണ് അതിലെ ജലം ഉപയോഗിക്കുക. സൗദിയിൽ തന്നെ ഭൂഗർഭ ജലം കിട്ടുന്ന ചുരുങ്ങിയ പ്രദേശങ്ങളിൽ ഒന്നാണ് ഹരീഖ്. ശുദ്ധ ജലത്തിന്റെ ലഭ്യത കൊണ്ടാവണം അവിടെ കൃഷിയാണ് ഉപജീവന മാർഗം.അവിടെ  ശുദ്ധ പ്രകൃതി ആയത് കൊണ്ടാവാം  അവിടുത്തെ  മനുഷ്യർക്ക്‌ ആയുർദൈർഖ്യം കൂടുതലാണെന്നു പറയപ്പെടുന്നു.   ഈന്തപ്പനയുടെയും ഓറഞ്ചിന്റെയും തോട്ടങ്ങൾ  ധാരാളമായി കാണാം.എല്ലാവര്ഷവും ഓറഞ്ച് ഫെസ്റ്റിവൽ നടക്കുന്ന പ്രദേശം കൂടിയാണ് ഹരീഖ്.  ഞങ്ങളും ഒരു ഓറഞ്ച് തോട്ടം സന്ദർശിക്കുകയുണ്ടായി. നിരനിരയായി നിൽക്കുന്ന ഓറഞ്ച് മരങ്ങൾ  നിറയെ ഓറഞ്ച് പിടിച്ചു നിൽക്കുന്ന കാഴ്ച തന്നെ മനോഹരം... ഇടക്കിടക്ക് വാഴയും  പച്ചക്കറി കൃഷിയും ഉണ്ട്... 
 
നാട്ടിൽ നിന്നും വിമാനം കയറിയാൽ പ്രവാസിക്ക് നാട്ടിലെ ഹരിതാഭയും  മഴയും നഷ്ട്ട ഓർമ്മ കളാണ്.  അംബരചുംബികളായ കോൺക്രീറ്റ് കാട്ടിൽ നിന്നും പ്രകൃതിയിലേക്കുള്ള ഏതൊരു   യാത്രയും മനസ്സിനും ശരീരത്തിനും ഉണർവ് തന്നെ....ആ പ്രകൃതി സൗന്ദര്യം ആവോളം ആസ്വദിച്ചുകൊണ്ട് അധികദൂരം ഇല്ലല്ലോ വീണ്ടും  ഇടക്ക് എത്താം എന്ന ആശ്വാസത്തിൽ സന്ധ്യയോടെ  റിയാദിലേക്കു മടങ്ങി...