malayalam news

'എന്തൊക്കെ എഴുതിപ്പിടിപ്പിച്ചാലും നിന്റെ മുഖം ഒരു മനസ്സാക്ഷിക്കുത്താണ്‌, ക്ഷമിക്കണേ ദുഷ്ടരായ ഞങ്ങളോട്'; നൊമ്പരമായി ജൊവാന


തൊടുപുഴ: 'നിന്നേയും നിന്റെ പപ്പയേയുമോര്‍ത്ത് ചങ്കുപിടയുന്ന ഒരു കുടംബം താഴെയുണ്ട്...' കൊല്ലപ്പെട്ട ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ റിജോഷിനെയും മകള്‍ ജോവാനയെയും ഓര്‍ത്തുകൊണ്ട് റിജോഷിന്റെ സഹോദരന്‍ ഫാ.വിജോഷ് പങ്കുവെച്ച ഫെയ്സ്ബുക്ക് പോസ്റ്റിലെ ഉള്ളുപൊള്ളിക്കും വാക്കുകളാണിത്.  ജൊവാനയുടെ ചിത്രം ഉള്‍പ്പെടെ പങ്കുവെച്ചാണ് റിജോഷിന്റെ സഹോദരന്‍ ഫാ. വിജോഷ് മുള്ളൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ഈശോയെ അവളെ ഒരു മാലാഖയാക്കണേ, എന്ന കുറിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം:

ഈശോയേ, പറ്റുമെങ്കില്‍ അവളെ ഒരു മാലാഖയാക്കണം, ബോധമില്ലാത്ത ഞങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരു സംരക്ഷണമായി, ഓര്‍മപ്പെടുത്തലായി. കളകള്‍ പറിക്കണ്ട , ഒരു പക്ഷെ നിങ്ങള്‍ വിളയും കൂടെ പറിക്കാന്‍ ഇടയാകും എന്ന് പറഞ്ഞിട്ട് , എന്തിനാണീശോ ഈ മാലാഖ കുഞ്ഞിനെ കളകളോടൊപ്പം നീ വിട്ടുകൊടുത്തത്.'

മഹാരാഷ്ട്ര പൊലീസാണ് ഒന്നാം പ്രതി വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കും മുന്‍പെ റിജോഷിന്റെ രണ്ടര വയസ്സുള്ള മകള്‍ മരിച്ചു.

ഇടുക്കി, രാജകുമാരിയില്‍നിന്ന് വസീമിനൊപ്പം കടന്നപ്പോള്‍ കുട്ടിയെയും ലിജി ഒപ്പം കൂട്ടിയിരുന്നു. ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലുള്ള റിജോഷിന്റെ മൃതദേഹം കഴിഞ്ഞ ദിവസമാണ് പൊലീസ് കണ്ടെത്തിയത്. റിജോഷിനെ കൊലപ്പെടുത്തിയത് താനാണെന്ന് വസീം വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

റിജോഷിനെ കാണാതായതിനു പിന്നാലെ ഭാര്യ ലിജിയെയും മകളേയും കാണാനില്ലായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കൊലപാതകത്തിനു ശേഷം വസീമിനൊപ്പം ലിജി മകളേയും കൂട്ടി മുംബൈയിലേക്ക് കടക്കുകയായിരുന്നു. റിജോഷിനെ കാണാനില്ലെന്ന് ലിജിയും പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ ലിജിക്കും അറിവുണ്ടെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരുടേയും ആരോഗ്യനില ഗുരുതരമാണ്.