malayalam news

ജോളിയെ ഡെപ്യൂട്ടി തഹസില്‍ദാര്‍ വഴിവിട്ട് സഹായിച്ചുവെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ സംഘം കണ്ടെത്തി


കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി ജോളിയെ ഡെപ്യൂട്ടി തഹസില്‍ദാര്‍ വഴിവിട്ട് സഹായിച്ചുവെന്ന് തെളിയിക്കുന്ന രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചു. ടോം ജോസഫിന്‍റേയും അന്നമ്മയുടേയും പേരിലുള്ള സ്വത്തുകള്‍ ജോളിയുടെ പേരിലേക്ക് മാറ്റി കൊണ്ടാണ് ജോളിയെ ഡെപ്യൂട്ടി തഹസില്‍ദാര്‍ വഴിവിട്ട് സഹായിച്ചത്‌. ജോളി താമരശ്ശേരി താലൂക്കോഫീസിലെ സ്ഥിരം സന്ദര്‍ശകയായിരുന്നെന്ന് ഈ ഓഫീസുമായി അടുപ്പമുള്ളവര്‍ പറയുന്നു. 

ജോളിയുടെ പേരിലുള്ളത് വ്യാജവില്‍പത്രമാണെന്ന് തഹസില്‍ദാര്‍ക്ക് അറിയാമായിരുന്നുവെന്ന് ജോളിയുടെ അടുത്ത സുഹൃത്തായ ബിഎസ്എൻഎല്‍ ജീവനക്കാരന്‍ ജോണ്‍സണ്‍ വ്യക്തമാക്കിയിരുന്നു. വ്യാജവിൽപത്രത്തെക്കുറിച്ചുള്ള പരാതി റോയിയുടെ സഹോദരന്‍ റോജോ പോലിസിന് നൽകിയപ്പോൾ എങ്ങനെ ഇടപെടാനാകുമെന്ന് തന്നോട് ജയശ്രി ചോദിച്ചിരുന്നതായും ജോണ്‍സണ്‍ പറഞ്ഞിരുന്നു.

ഡെപ്യൂട്ടി തഹസില്‍ദാര്‍ നേരത്തേ മറ്റൊരു വില്ലേജില്‍ വില്ലേജ് ഓഫീസറായിരുന്നു. അപ്പോഴാണ് ജോളി വ്യാജ ഒസ്യത്തുപ്രകാരം സ്വന്തമാക്കാന്‍ ശ്രമിച്ച ഭൂമിയുടെ നികുതിയടച്ചത്. ആരോപണവിധേയയായ ഉദ്യോഗസ്ഥ കൂടത്തായി വില്ലേജ് ഓഫീസിലേക്ക് വിളിച്ചുപറഞ്ഞാണ് രേഖകളെ മറികടന്ന് ജോളിക്ക് നികുതിയടയ്ക്കാനായത്. പിന്നീട് ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നതോടെ ഇത് ഒഴിവാക്കി യഥാര്‍ഥ അവകാശികളുടെപേരില്‍ നികുതിയീടാക്കുകയായിരുന്നു. 2012-ലായിരുന്നു ഇത്. പിന്നീട് 2014-ലാണ് ഈ ഉദ്യോഗസ്ഥ താമരശ്ശേരി താലൂക്ക് ഓഫീസില്‍ ഡെപ്യൂട്ടി തഹസില്‍ദാറായി വരുന്നത്. അപ്പോഴും ജോളി ഇവരുമായുള്ള ബന്ധം തുടര്‍ന്നെന്നാണ് വ്യക്തമാകുന്നത്. അന്ന് ഈ ഉദ്യോഗസ്ഥയും കൂടത്തായിയിലായിരുന്നു താമസം.  ഉദ്യോഗസ്ഥ ഈയിടെയാണ് തഹസില്‍ദാറായി കോഴിക്കോട്ടേക്ക് പോയത്.

പലദിവസങ്ങളിലും ഇവര്‍ ജോളിയുടെ കാറിലായിരുന്നു ഓഫീസില്‍ വന്നിരുന്നതെന്ന് പറയുന്നു. വൈകീട്ട് മടങ്ങിപ്പോകാറാകുമ്പോള്‍ ജോളി കാറുമായി വരാറുണ്ടായിരുന്നെന്നും പറയുന്നു. ഇവിടെനിന്നും ഉദ്യോഗസ്ഥയുടെ സഹായത്തോടെ ചില രേഖകള്‍ സമ്പാദിച്ചിട്ടുണ്ടെന്നും സംശയമുണ്ട്.