malayalam news

സഞ്ചരിച്ച് അവർ ദുനിയാവിന്റെ അറ്റത്തെത്തി


നൗഫൽ പാലക്കാടൻ. റിയാദ്
 
റിയാദ് : സഞ്ചരിച്ചു സഞ്ചരിച്ചു അവരൊടുവിൽ  ദുനിയാവിന്റെ അറ്റത്തുമെത്തി. ലോകമെമ്പാടുമുള്ള സഞ്ചാരി ഫേസ് ബുക്ക് ഗ്രൂപ്പിന്റെ റിയാദ് യൂണിറ്റാണ്  'എഡ്ജ് ഓഫ് ദി വേൾഡ്" എന്നറിയപ്പെടുന്ന റിയാദിലെ സാഹസിക വിനോദ  കേന്ദ്രത്തിലേക്ക്  അവിസ്മരണീയ യാത്ര നടത്തിയത്. അവധി ദിനങ്ങളിൽ പ്രവാസത്തിന്റെ ഊഷരതയെ ഊർവ്വരതയിലേക്ക് നയിക്കുന്ന യാത്രക്കൊപ്പം ചേരാൻ റിയാദിൽ യാത്ര ഇഷ്‌ടപ്പെടുന്നവരുടെ തിരക്കാണിപ്പോൾ. സഞ്ചാരി സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത്തെ യാത്രയാണിത്. ഇത്തവണ ഇരുപത്തി ഏഴ് വാഹനങ്ങളിലായി  നൂറ്റി അമ്പതോളം യാത്രക്കാരുമായാണ്  ലോകത്തിന്റെ മുനമ്പിലെത്തിയത്. വാർദ്ധക്യത്തിലെത്തിയ  മരങ്ങളുടെ താഴ്വരയായ അക്വേഷ്യവലി  താണ്ടി സഞ്ചാരികൂട്ടം അവിടെ എത്തിയപ്പോഴേക്കും സൂര്യൻ നെറുകയിലെത്തിയിരുന്നു. പ്രകൃതിയുടെ വിസ്‌മയം ആസ്വദിച്ചും കണ്ട അത്ഭുത കാഴ്ചകളുടെ കൗതുകം പങ്ക് വെച്ചും അവരവിടെ സമയം ചിലവിട്ടു. ഭൂമി ഒളിച്ചു പാർക്കുന്ന ഗർത്തം കാണാൻ കൂട്ടത്തിലെ ചില സാഹസികർ ശ്രമം നടത്തി. അത്യാധുനിക രീതിയിൽ പണി കഴിപ്പിച്ചതാണെന്ന് തോന്നുന്ന പാറക്കൂട്ടങ്ങളിലേക്ക് അസ്തമയ സൂര്യന്റെ കിരങ്ങൾ പതിക്കുമ്പോൾ  നിലവും  പാറക്കൂട്ടവും സ്വർണ്ണ നിറം ചാർത്തും.
 
ഒരപൂർവ്വ മനോഹര കാഴ്ചയാണിത്. ലോകം അവസാനിക്കുന്നിടത്ത് വെച്ച് സൂര്യന്റെ അസ്തമയം കൂടി കണ്ടാണ് സംഘം മടങ്ങിയത്. യാത്ര പോകുന്ന നാളും ഇടവും വിവരങ്ങളും  സമയവും  യാത്രക്കെടുക്കേണ്ട തയ്യാറെടുപ്പുകളും വാഹനത്തിന്റെ കപ്പാസിറ്റിയുമെല്ലാം ഒരാഴ്ച മുമ്പ് തന്നെ ഫേസ് ബുക്ക് ഗ്രൂപ്പിൽ കുറിച്ചിടും. വിവരങ്ങൾ ശേഖരിക്കുന്നതിനും റജിസ്‌ട്രേഷൻ ചെയ്യുന്നതിനും പ്രതേക വെബ്-ലിങ്കുകൾ  നൽകും. സംഘാടകർ പ്രതീക്ഷിക്കുന്ന എണ്ണമായാൽ റജിസ്ട്രേഷൻ അവസാനിക്കും. ആവശ്യമായ ഒരുക്കങ്ങൾക്കും സുരക്ഷാ കാര്യങ്ങൾ വിലയിരുത്തുന്നതിനുമായി യാത്രക്ക് മുമ്പ് സഞ്ചാരിയുടെ കോർ കമ്മറ്റി അംഗങ്ങൾ സ്ഥലം സന്ദർശിക്കും. എന്നിട്ടാണ് യാത്ര ഉറപ്പിക്കുന്നത്. യാത്ര ചെല്ലുന്ന ഇടങ്ങളുടെ സ്വഭാവം മനസ്സിലാക്കി ഭക്ഷണവും മറ്റ് അവശ്യ സാധനങ്ങളും വാഹനങ്ങളിൽ  കരുതിയാണ് യാത്ര തുടങ്ങുക. ആളുകളുടെ എണ്ണത്തിനനുസരിച്ചു ഭക്ഷണം നേരത്തെ തയ്യാറാക്കുകയാണ് പതിവ്. ചരിത്രവും പ്രകൃതിയും ആസ്വദിച്ചു മടങ്ങുമ്പോൾ  അടുത്ത യാത്രയുടെ അണിയറ പ്രവർത്തനത്തിലേക്കുള്ള ചർച്ചക്ക് തുടക്കമിടുകയാണ്  സംഘാടകരായ സദകത്തുള്ള കിളിയേണി,സാദത്ത്,അൻഫാസ്,യാസിർ,അലി,ഷാഹിദ്,സമദ് എന്നിവരും കോർ കമ്മറ്റി അംഗങ്ങളും.