malayalam news

ഉന്നാവ് കേസ്: നിർണ്ണായക ചോദ്യത്തിന് ആപ്പിൾ കമ്പനി ഉത്തരം നൽകണം


ദില്ലി: ഉന്നാവ് ബലാത്സംഗ കേസുമായി ബന്ധപ്പെട്ട നിർണ്ണായക ചോദ്യത്തിന് അമേരിക്കൻ മൊബൈൽ കമ്പനിയായ ആപ്പിൾ ഉത്തരം നൽകണം. കുറ്റകൃത്യം നടന്ന ദിവസം പ്രതിയും എംഎൽഎയും മുൻ ബിജെപി നേതാവുമായ കുൽദീപ് സിംഗ് സെംഗാർ എവിടെയായിരുന്നുവെന്നാണ് പറയേണ്ടത്. ഉന്നാവിൽ വച്ച് 16 കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്.

ഈ വിവരങ്ങൾ സൂക്ഷിച്ച് വച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ലെന്നും, ഉണ്ടെങ്കിൽ തന്നെ എവിടെയാണ് സൂക്ഷിച്ചതെന്നും വീണ്ടെടുക്കാൻ സധിക്കുമോയെന്നും അറിയേണ്ടതുണ്ടെന്നാണ് ആപ്പിൾ കമ്പനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കയിരിക്കുന്നത്. വിവരം നൽകുന്നതിന് രണ്ടാഴ്ചത്തെ സമയം വേണമെന്ന് കമ്പനി ആവശ്യപ്പെട്ടു. ഒക്ടോബർ ഒൻപത് വരെയാണ് ആപ്പിളിന് സമയം നൽകിയിരിക്കുന്നത്.

അതേസമയം കമ്പനി ഈ വിവരങ്ങൾ നൽകുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടതായിട്ടുണ്ടെന്നാണ് അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഈ വിവരം ലഭ്യമാക്കുന്നതിനൊപ്പം, ഇക്കാര്യം സാക്ഷ്യപ്പെടുത്തിക്കൊണ്ട് ഉത്തരവാദപ്പെട്ട സിസ്റ്റം അനലിസ്റ്റിന്റേയോ അല്ലെങ്കിൽ മറ്റേതെങ്കിലും ഉദ്യോഗസ്ഥന്റേയോ സാക്ഷ്യപത്രം കൂടി സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടു.

ജോലി സംബന്ധിച്ച ആവശ്യവുമായി 2017 ജൂൺ നാലിന് വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നതാണ് കേസ്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്.