malayalam news

15 ദിവസം പ്രായമുള്ള കുഞ്ഞിനെ അമൃത ആശുപതിയിലെത്തിച്ചു : സർക്കാർ മുഴുവൻ ചികിത്സാ ചെലവും വഹിക്കും


കൊച്ചി∙ അടിയന്തര ഹൃദയശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്ന് ആംബുലന്‍സില്‍ കൊണ്ടുവന്ന രണ്ടാഴ്ച പ്രായമുള്ള കുഞ്ഞിനെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ ചികിത്സാച്ചെലവുകളും സംസ്ഥാന സർക്കാർ ഏറ്റെടുത്തു. സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. സമയം വൈകുമെന്നതിനാൽ കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരേണ്ടെന്നും പകരം എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.

മംഗലാപുരത്ത് നിന്നും പുറപ്പെട്ട ആംബുലൻസ് വൈകുന്നേരം നാലരയോടുകൂടിയാണ് അമൃത ആശുപത്രിയിൽ എത്തിച്ചേർന്നത്. അമൃത ആശുപത്രിയില്‍ ഡോക്ടര്‍മാരായ ബ്രിജേഷ്, കൃഷ്ണകുമാര്‍ എന്നിവര്‍ കുഞ്ഞിനെ പരിശോധിക്കും. 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കാൻ ആംബുലൻസ് മിഷനുമായി കേരള ചൈല്‍ഡ് പ്രൊട്ടക്‌ഷന്‍ ടീമാണ് മുന്നോട്ടുവന്നത്. രാവിലെ 10.30നാണ് മംഗലാപുരത്തുനിന്ന് ആംബുലൻസ് പുറപ്പെട്ടത്. ഫെയ്സ്ബുക്കിലൂടെയാണ് ചൈൽഡ് പ്രൊട്ടക്ഷൻ ടീം സഹായമഭ്യർഥിച്ചു രംഗത്തുവന്നത്. ഹൃദയ ശസ്ത്രക്രിയയ്ക്കു വേണ്ടി 15 മണിക്കൂറിനുള്ളിൽ കുഞ്ഞിനെ തിരുവനന്തപുരം ശ്രീചിത്രയിൽ എത്തിക്കുകയായിരുന്നു സംഘം ലക്ഷ്യമിട്ടിരുന്നത്.

കുട്ടിയുടെ ചികിത്സ അമൃതയില്‍ നടത്താനുള്ള നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അതിനുള്ള എല്ലാ സൗകര്യവും അവിടെ ഒരുക്കിയിട്ടുമുണ്ട്. തിരുവനന്തപുരത്തേക്കുള്ള യാത്ര അപകടകരമാണ്. അതിനാലാണ് അമൃതയില്‍ ആവശ്യമായ സൗകര്യം ഒരുക്കിയത്. കുട്ടിയുടെ ആരോഗ്യനില സുരക്ഷിതമാണ്. 18 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഹൃദ്രോഗം വന്നാല്‍ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികിത്സിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുന്നതായിരിക്കു മെന്നു മന്ത്രി പറഞ്ഞു.