malayalam news

രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ല, ഗാന്ധി വധം പുനഃസൃഷ്ടിച്ചവരൊക്കെ എംപിമാര്‍, അനീതിക്കെതിരെ കത്തെഴുതിയവര്‍ രാജ്യദ്രോഹികള്‍; അടൂര്‍ ഗോപാലകൃഷ്ണന്‍


തിരുവനന്തപുരം: രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. അടൂര്‍ ഉള്‍പ്പടെയുള്ള ചലച്ചിത്ര-സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗോഡ്സെ ഗാന്ധിജിയെ വെടിവെച്ചത് പോലെ ഗാന്ധിയുടെ പ്രതിമയുണ്ടാക്കി അതിന് നേരെ വെടിവെച്ചവര്‍ രാജ്യ ദ്രോഹികളല്ല. ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ല. അത്തരക്കാരെ ഒരു കോടതിയും ഭരണകൂടവും കാണുന്നില്ല. അവരെല്ലാം ഇപ്പോള്‍ എംപിമാരാണ്. അത്തരമൊരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്.

നീതിന്യായ വ്യവസ്ഥയിലും സംശയമുണ്ടാക്കുന്ന നിലയിലാണിപ്പോള്‍ ഉള്ളതെന്നും അടൂര്‍ പറഞ്ഞു. രാജ്യത്ത് ആശങ്കാജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന വിശ്വാസത്തിലാണ് താനടക്കമുള്ളവര്‍ ഒരു അനീതി ശ്രദ്ധയില്‍പ്പെടുത്താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് ഒരു അനീതി നടക്കുമ്ബോള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താനാണ് കത്തെഴുതിയത്. വിനീതനായിട്ടാണ്, ധിക്കാരപരമായി എഴുതിയതല്ല ആ കത്ത്. അതില്‍ ഒപ്പിട്ട 49 പേരില്‍ ഒരാള്‍ പോലും രാഷ്ട്രീയക്കാരല്ല. മാധ്യമപ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരുമാണ്. ജനാധിപത്യം നിലനില്‍ക്കുന്നുണ്ടെന്ന വിശ്വാസമായിരുന്നു അങ്ങനെ കത്തെഴുതാന്‍ തങ്ങളെ പ്രേരിപ്പിച്ചത്. കത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ എന്തെങ്കിലും പരിഹാരം കാണുക എന്നതാണ് സാധാരണ ഗതിയില്‍ ഭരണകൂടം ഇക്കാര്യത്തില്‍ ചെയ്യേണ്ടത്. കോടതി അത്തരമൊരു പരാതി പരിഗണിച്ച്‌ കേസെടുക്കാന്‍ ആവശ്യപ്പെട്ടത് തന്നെ രാജ്യത്തെ ആശങ്കജനകമായ സാഹചര്യം വ്യക്തമാക്കുന്നു.

ആള്‍ക്കൂട്ട ആക്രണം വര്‍ധിക്കുന്നതില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിക്ക് കത്തയച്ചതിനെ തുടര്‍ന്ന് രാമചന്ദ്ര ഗുഹ, മണി രത്നം, രേവതി, അടൂര്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയ 49 സാഹിത്യ-സാംസ്‌കാരിക-കലാ പ്രവര്‍ത്തകര്‍ക്കെതിരെബിഹാറില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രിക്കയച്ച കത്തില്‍ പറയുന്ന കാര്യങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതായും വിഘടനവാദത്തെ പിന്തുണക്കുന്നതായും  പരാതിയില്‍ ആരോപിക്കുന്നു. രാജ്യദ്രോഹം, പൊതുജന ശല്യം, മതവികാരങ്ങളെ വ്രണപ്പെടുത്തല്‍, സമാധാന ലംഘനത്തിന് പ്രേരിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.