malayalam news

ജോസ് കെ മാണിയെ വ്യക്തിപരമായി അധിഷേപിക്കുന്നത് ഇഷ്ടപ്പെടുന്നില്ല; മാണി ഗ്രൂപ്പ് വിട്ടു പോന്നവരും കാലങ്ങളായി ജോസഫിനൊപ്പം നിന്നവരും തമ്മില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായഭിന്നത


കോട്ടയം: കഴിഞ്ഞ ദിവസം നടന്ന ജോസഫ് വിഭാഗം യോഗത്തിൽ മാണി ഗ്രൂപ്പ് വിട്ടു ജോസഫിനൊപ്പം ചേർന്ന നേതാക്കളും കാലങ്ങളായി ജോസഫ് വിഭാഗത്തിനൊപ്പം നിലനിന്ന നേതാക്കളും തമ്മിൽ വാദപ്രതിവാദങ്ങൾ നടന്നതായി പറയപ്പെടുന്നു. സി എഫ് തോമസിന്റെ നേതൃത്വത്തിൽ മാണി ഗ്രൂപ്പ് വിട്ടു വന്ന നേതാക്കൾ ജോസ് കെ മാണിയെ പി ജെ ജോസഫ് വ്യക്തിപരമായി അധിഷേപിക്കുന്ന നിലപാട് തിരുത്തിയെ മതിയാവു എന്നാവശ്യപ്പെട്ടതിനെ തുടർന്നാണ് വാഗ്വാദങ്ങൾക്കു തുടക്കം കുറിയ്ക്കുന്നത്. കാര്യങ്ങൾ കൈവിട്ടു പോയേക്കുമെന്നു മനസ്സിലായ പി ജെ തന്റെകൂടെയുള്ള നേതാക്കളോട്  ശാന്തരാകുവാൻ ആവശ്യപ്പെട്ടതോടെ വിഷയം താത്കാലികമായി പരിഹരിക്കപ്പെടുകയായിരുന്നു.
 
മാണി വിഭാഗത്തിനായി വക്കാലത്തെടുക്കുന്നവർ ജോസ് കെ മാണിയുടെ കൂടെ കൂടിയാൽ മതിയെന്നാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു പ്രമുഖ ജോസഫ് വിഭാഗം നേതാവ് അഭിപ്രായപ്പെട്ടത്. എന്നാൽ തങ്ങൾ ജോസ് കെ മാണിക്ക് അനുകൂലമായല്ല വാദങ്ങൾ ഉയർത്തിയതെന്നും മറിച്ചു ജോസഫ് വിഭാഗത്തിന് പൊതുജനത്തിനിടയിലും മാധ്യമങ്ങളിലും നിലനിൽക്കുന്ന അപ്രമാദിത്യം നഷ്ട്ടപെടാതിരിക്കാനുള്ള ഒരു മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് വിമര്‍ശനമുയർത്തിയതെന്നും അവകാശപ്പെട്ടു. യഥാർത്ഥ മാണി വിഭാഗം തങ്ങളാണെന്ന് അവകാശപ്പെടുകയും മാണിയുടെ പേരുപയോഗിക്കുകയും ചെയ്യുമ്പോൾ മാണിയുടെ തന്നെ മകനെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് തങ്ങളുടെ മുമ്പോട്ടുള്ള യാത്രക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന് ജോസഫ് ഗ്രൂപ്പിലെത്തിയ മാണി വിഭാഗം നേതാക്കൾ സമർത്ഥിക്കുന്നു. ഈ കാരണങ്ങളാലാണ് മാണി വിഭാഗത്തിൽ നിന്നും തങ്ങൾ പ്രതീക്ഷിച്ച ഒരു ഒഴുക്ക് ജോസഫ്  വിഭാഗത്തിലേക്കുണ്ടാക്കാത്തതു എന്നവർ കൂട്ടിച്ചേർക്കുന്നു.
 
മാണിയുമായി നേതാക്കൾക്കും അണികൾക്കുമുള്ള വൈകാരികമായാ അടുപ്പം തള്ളിക്കളഞ്ഞാൽ കാര്യങ്ങൾ ശോഭകരമാകില്ല എന്ന മുന്നറിയിപ്പും നേതാക്കൾ ജോസഫിന് നൽകിയതായി പറയപ്പെടുന്നു. എന്നാൽ പഴയ മാണി വിഭാഗം നേതാക്കളായ സജിയും ജോയ് അബ്രാഹവും ഈ നീക്കങ്ങളോട് അനുകൂലമായി പ്രതികരിച്ചില്ല എന്ന് പറയപ്പെടുന്നു. ജോസ് കെ മാണിക്കെതിരെ ശക്തമായി പ്രതികരിക്കുന്നവർക്കു മാത്രമേ ജോസഫ് വിഭാഗത്തിൽ മേൽക്കോയ്യ്മയുള്ളു എന്ന് ചിലർ അടക്കം പറഞ്ഞതായും വാർത്തകൾ പുറത്തു വന്നിരുന്നു.
 
അതോടൊപ്പം പ്രകോപനങ്ങളിൽ അടിപ്പെടാതെ ജോസ് കെ മാണി നടത്തുന്ന പത്രസമ്മേളങ്ങളിൽ മുതിർന്ന നേതാവായ പി ജെ ജോസഫിനെ ബഹുമാനത്തോടെ മാത്രമാണ് പരാമര്‍ശിക്കുന്നതെന്നത് ജനങ്ങൾ ശ്രദ്ദിച്ചു  തുടങ്ങിയിരിയ്ക്കുന്നു. അതിനാൽ തൽസ്ഥിതി തുടർന്നാൽ അത് മാണി വിഭാഗത്തിനനുകൂലമായ തരംഗം സൃഷ്ടിച്ചേക്കാം എന്ന് ജോസഫ് വിഭാഗം വിലയിരുത്തി. നിലപാടുകൾ കേട്ടിരുന്ന പി ജെ ജോസഫ് തുടർന്നുള്ള പത്രസമ്മേളനങ്ങളിൽ മിതത്വം പാലിക്കാം എന്നുറപ്പു നൽകിയതായാണ് പുറത്തു വരുന്ന വിവരങ്ങൾ. എന്നാൽ മാണി വിഭാഗത്തിൽ പി ജെ ജോസഫിന് അദ്ദേഹം അവലംബിക്കുന്ന നിലവാരത്തിലുള്ള മറുപടികൾ ജോസ് കെ മാണി നൽകിയേ തീരു, എന്ന മുറവിളികൾ പാർട്ടി അണികളിൽ നിന്നുയരുന്നുണ്ടെങ്കിലും മാണി കാണിച്ച വഴിയേ താൻ പിന്തുടർന്നു എന്ന ഉറച്ച തീരുമാനത്തിലാണ് ജോസ് എന്നത് ആ വിഭാഗത്തിലും വരും ദിവസങ്ങളിൽ കൂടുതൽ പൊട്ടിത്തെറികൾക്കു കളമൊരുക്കിയേക്കും.
 
അതോടൊപ്പം മാണി ഗ്രൂപ്പ് വിട്ടു ജോസഫിൽ എത്തിയ നേതാക്കൾക്കു സി എഫ് തോമസ് ചെയർമാനാകാത്തതിലും തങ്ങൾക്കു വേണ്ട രീതിയിലുള്ള പരിഗണന കിട്ടാത്തതിലും അമർഷമുള്ളതായി പറയപ്പെടുന്നു. കഴിഞ്ഞ ദിവസം ജോസഫ് ഗ്രൂപ്പ് വിട്ടു ഒരു പ്രമുഖൻ മാണി ഗ്രൂപ്പിൽ തിരിച്ചെത്തിയേക്കുമെന്നു റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്തായാലും വരും ദിവസങ്ങളിൽ അന്തിചർച്ചകൾക്കു കേരള കോൺഗ്രസ് തർക്കങ്ങൾ സ്ഥാനം പിടിക്കുമെന്ന് നിസ്സംശയം പറയുവാൻ സാധിക്കും.