malayalam news

ജോളിയുടെ മരണക്കെണിയില്‍ നിന്നു രക്ഷപെട്ടത് 5 പെണ്‍കുട്ടികള്‍; വധശ്രമം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പെൺമക്കളുടെ നേരെ


കോഴിക്കോട്: 14 വർഷത്തിനിടെ കൂടത്തായിയിലെ ആറുപേരെ സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ജോളിയുടെ മരണക്കെണിയില്‍ നിന്നു രക്ഷപെട്ടത് 5 പെണ്‍കുട്ടികള്‍. ആദ്യഭർത്താവിന്റെ സഹോദരിയുടെ മകൾ ഉൾപ്പെടെ 5 പെൺകുട്ടികളെക്കൂടി ജോളി കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പെൺമക്കളുടെ നേരെയായിരുന്നു വധശ്രമം.

3 പെൺകുട്ടികൾക്കു നേരെയുണ്ടായ നീക്കത്തെക്കുറിച്ച് അന്വേഷണ ഘട്ടത്തിൽത്തന്നെ പൊലീസ് അറിഞ്ഞിരുന്നു. കൂട്ടക്കൊലയുടെ വാർത്ത പുറത്തുവന്നതോടെയാണു മറ്റു രണ്ടു പെൺകുട്ടികളുടെ വീട്ടുകാരും സംശയം പ്രകടിപ്പിച്ചത്. ഇതിലൊരു പെൺകുട്ടി ഇപ്പോൾ വിദേശത്താണ്. വിശദമായ അന്വേഷണത്തിൽ ഇതും വധശ്രമമാണെന്നു പൊലീസിനു ബോധ്യമായി. വീട്ടുകാരുടെ വിശദ മൊഴിയും രേഖപ്പെടുത്തി. ജോളി ഇവരുടെ വീട്ടിലുള്ള സമയത്തു ഭക്ഷണശേഷം കുട്ടികൾ വായിലൂടെ നുരയും പതയും വന്ന് അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും കാരണം കണ്ടുപിടിക്കാനായില്ല.

സ്ഥലത്തിന്റെ രജിസ്ട്രേഷൻ നടത്താൻ ജോളിക്ക് സഹായം നൽകിയ ഉദ്യോഗസ്ഥയുടെ കുട്ടിയാണ് ഒന്ന്. കുട്ടിക്ക് ഒന്നരവയസ്സുള്ളപ്പോഴാണ് സംഭവം. ഇക്കാര്യം കുട്ടിയുടെ അമ്മ അന്ന് അറിഞ്ഞിരുന്നില്ല. ഇവരുടെ മൊഴി ചൊവ്വാഴ്ച അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. കുട്ടിയെ കൊല്ലാൻ ശ്രമിച്ചകാര്യം അന്വേഷണസംഘം ഇവരെ അറിയിച്ചു. ഇതുൾപ്പെടെ അന്വേഷിക്കുമെന്ന് എസ്.പി. പറഞ്ഞു.

ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ മകൾ ആൽഫൈനെ കൊലപ്പെടുത്തിയെങ്കിലും മൂത്ത മകനു നേരെ വധശ്രമമുണ്ടായിരുന്നില്ല. മകൾ വളർന്നുവന്നാൽ ബാധ്യതയാകുമെന്നായിരുന്നു ഇക്കാര്യം ചോദിച്ചപ്പോൾ ജോളിയുടെ മറുപടി. ഈ ഘട്ടത്തിലാണ് മറ്റു പെൺകുട്ടികളെ വധിക്കാൻ ശ്രമിച്ച കാര്യം അന്വേഷണ സംഘം തെളിവുസഹിതം നിരത്തിയത്. പെൺകുട്ടികളെ ഇഷ്ടമല്ലെന്നായിരുന്നു അപ്പോൾ മറുപടി. ജോളി മൂന്നു തവണ ഗർഭഛിദ്രം നടത്തിയതും പെൺകുഞ്ഞുങ്ങളോടുള്ള വെറുപ്പു കാരണമാണോയെന്നും പരിശോധിക്കുന്നുണ്ട്.