malayalam news

ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന്റെ വിജയസാധ്യത മങ്ങുന്നു; 'ലാന്‍ഡറു'മായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ ഇനി 7 ദിവസങ്ങൾ മാത്രം ബാക്കി


ബെംഗളൂരു: 'ചന്ദ്രയാന്‍ രണ്ട്' ദൗത്യത്തിന്റെ വിജയസാധ്യത മങ്ങുന്നു. ചന്ദ്രയാന്റെ ഭാഗമായ 'ലാന്‍ഡറു'മായുള്ള ബന്ധം പുനഃസ്ഥാപിക്കുക എന്നത് ശ്രമകരവും അപ്രാപ്യവുമാണ്. 'ലാന്‍ഡറി'ന്റെ പ്രവര്‍ത്തനകാലാവധി തീരാന്‍ ഏഴുദിവസംമാത്രമേ ഇനിയുള്ളൂ എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി.
 
ഈ മാസം ഏഴിന് പുലര്‍ച്ചെ 1.45-ന് 'ലാന്‍ഡര്‍' ചന്ദ്രനിലിറങ്ങുന്നതിനിടെയാണ് ആശയവിനിമയം നഷ്ടമായത്. ഇന്ത്യന്‍ ബഹിരാകാശഗവേഷണസംഘടന(ഐ.എസ്.ആര്‍.ഒ.)യുടെ ബെംഗളൂരുവിലെ നിയന്ത്രണകേന്ദ്രത്തില്‍ 'ലാന്‍ഡറു'മായുള്ള ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
 
'ലാന്‍ഡറി'ലെ ബാറ്ററികള്‍ക്കും സോളാര്‍ പാനലുകള്‍ക്കും 14 ദിവസംമാത്രമേ ആയുസ്സുള്ളൂ. ഏഴുദിവസമായിട്ടും ആശയവിനിമയം പുനഃസ്ഥാപിക്കാനായിട്ടില്ല.അവശേഷിക്കുന്ന ചുരുങ്ങിയ സമയംകൊണ്ട് ആശയവിനിമയം പുനഃസ്ഥാപിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് ഐ.എസ്.ആര്‍.ഒ.യ്ക്കു മുന്നിലുള്ളത്.
സമയം പിന്നിടുംതോറും 'ലാന്‍ഡറി'ലെ ബാറ്ററിയുടെ ശേഷി കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും പ്രവര്‍ത്തിക്കാനുള്ള ഇന്ധനം നഷ്ടമാകുമെന്നും ഐ.എസ്.ആര്‍.ഒ. ഉദ്യോഗസ്ഥര്‍ പറഞ്ഞു.