malayalam news

ജോളി വീട്ടിലെത്തി പോയ ശേഷം കുടുംബത്തിലെ എല്ലാവരും ഛർദ്ദിച്ചുവെന്ന് ഒരു കുടുംബം, ടോം തോമസിന്റെ സഹോദരപുത്രന്മാരുടെ അസ്വാഭാവിക മരണത്തിനു പിന്നിലും ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍


കോഴിക്കോട്: കൂടത്തായിയിലെ പൊന്നാമറ്റം കുടുംബത്തിലെ കൂടുതൽ അംഗങ്ങളെക്കൂടി കൊല്ലാൻ ജോളി ശ്രമിച്ചു എന്ന് പൊലീസിന് മൊഴി. അടുത്ത ബന്ധുക്കളിൽ ഒരാളും ഭാര്യയും മകനും അടക്കമുള്ളവരാണ് പൊലീസിന് പരാതി നൽകിയിരിക്കുന്നത്. അതേസമയം ടോം തോമസിന്റെ സഹോദരപുത്രന്മാരുടെ മരണത്തിലും  ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.

ജോളി വീട്ടിലെത്തി പോയ ശേഷം കുടുംബത്തിലെ എല്ലാവരും ഛർദ്ദിച്ചുവെന്നാണ് പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബം പരാതി നൽകിയിരിക്കുന്നത്. അന്ന് രക്ത പരിശോധനയില്‍ വിഷാംശം കണ്ടെത്തിയിരുന്നു. പൊലീസില്‍ അന്ന് പരാതി നല്‍കിയിരുന്നെങ്കിലും ജോളിയെ സംശയിച്ചിരുന്നില്ല. ഇപ്പോള്‍ മറ്റാര്‍ക്കോ വേണ്ടി ജോളി ക്വട്ടേഷന്‍ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നുവെന്നാണ് കുടുംബാംഗങ്ങളുടെ പരാതി. 

ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ അച്ഛന്‍ ടോം തോമസിന്റെ ഏറ്റവും അടുത്ത ബന്ധു തന്നെയാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.  ആദ്യം എല്ലാവർക്കും അവശത അനുഭവപ്പെട്ടപ്പോൾ, ഭക്ഷ്യവിഷബാധയാണ് എന്നാണ് കരുതിയത്. പക്ഷേ, രക്തം പരിശോധിക്കാൻ നൽകിയപ്പോൾ ഇതിൽ അസ്വാഭാവികത കണ്ടിരുന്നതാണ്. ഇതോടെ പൊലീസിന് പരാതി നല്‍കി. അന്ന് പൊലീസ് പരാതി പരിശോധിക്കാന്‍ എത്തിയിരുന്നെങ്കിലും, വിശദമായ അന്വേഷണം നടന്നില്ല.

അതേസമയം ടോം തോമസിന്റെ ഇളയ സഹോദരന്‍ അഗസ്റ്റിന്റെ മകന്‍ വിന്‍സന്റ് 2002 ഓഗസ്റ്റില്‍ തൂങ്ങി മരിക്കുകയായിരുന്നു. മറ്റൊരു സഹോദരന്‍ ഡൊമിനിക്കിന്റെ മകന്‍ സുനീഷ് 2008-ല്‍ വാഹനാപകടത്തില്‍ മരിക്കുകയും ചെയ്തു. ഈ രണ്ട് യുവാക്കള്‍ക്കും ജോളിയുമായി സാമ്ബത്തിക ഇടപാടുണ്ടായിരുന്നു എന്ന കാര്യമാണ് സംശയത്തിനിടയാക്കുന്നത്. ഈ മരണങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് സുനീഷിന്റെ അമ്മ എല്‍സമ്മ പറഞ്ഞു.

മകന്റെ മരണത്തില്‍ അന്നോ പിന്നീടോ സംശയം തോന്നിയിരുന്നില്ലെന്നും  പക്ഷേ, രണ്ടാഴ്ച കഴിഞ്ഞ് സുനീഷിന്റെ ഡയറി പരിശോധിച്ചപ്പോള്‍ അതില്‍ എഴുതിയിരുന്ന കാര്യങ്ങള്‍ ദുരൂഹതയുണര്‍ത്തുന്നതായിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇത്തരമൊരു ട്രാപ്പില്‍ വേറൊരാളും പെടരുത്. വേറൊരാള്‍ക്കും ഈ ഗതി വരരുത് എന്നാണ് ഡയറിയില്‍ എഴുതിയിരുന്നതെന്ന് എല്‍സമ്മ വെളിപ്പെടുത്തി.

എല്‍സമ്മയുടെ മകന്‍ സുനീഷ് മരിക്കുന്നത് 2008 ജനുവരിയിലാണ്. 2008 ആഗസ്റ്റില്‍ ടോം തോമസും മരിച്ചു. 2002ല്‍ അന്നമ്മ മരിച്ച്‌ രണ്ട് ദിവസത്തിനകമായിരുന്നു വിന്‍സെന്റ് തൂങ്ങി മരിച്ചത്. അന്നമ്മയുടെ ശവസംസ്‌കാരം കഴിഞ്ഞെത്തിയപ്പോഴാണ് ബന്ധുക്കള്‍ ഈ വിവരം അറിഞ്ഞത്. കഴുത്തില്‍ കുരുക്കിട്ട് കട്ടിലില്‍ മുട്ടുകുത്തിയ നിലയിലായിരുന്നു വിന്‍സെന്റിന്റെ മൃതദേഹം. ഇതില്‍ സംശയം തോന്നിയിരുന്നെന്നും പോലീസ് അന്ന് അന്വേഷണം നടത്തിയിരുന്നുവെന്നും എല്‍സമ്മ പറഞ്ഞു.