malayalam news

ഓടിക്കൊണ്ടിരുന്ന ജീപ്പിൽ അമ്മയുടെ മടിയില്‍ നിന്ന് റോഡില്‍ വീണ് ഒന്നരവയസ്സുകാരി,വിവരമറിയാതെ യാത്രതുടര്‍ന്ന് കുടുംബം, ചെക്പോസ്റ്റിൽ ഇഴഞ്ഞെത്തിയ കുഞ്ഞിന് തുണയായത് വനം വകുപ്പിന്റെ സിസിടിവി


മൂന്നാര്‍: രാജമലയിൽ ഓടിക്കൊണ്ടിരുന്ന ജീപ്പിൽ നിന്ന് താഴെ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു.   കമ്പിളിക്കണ്ടം സ്വദേശികളുടെ ഒന്നരവയസ്സുള്ള കു‍ഞ്ഞാണ് രക്ഷപ്പെട്ടത്. രാജമല ചെക്പോസ്റ്റിന് സമീപത്ത് വളവ് തിരിഞ്ഞപ്പോഴാണ് അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയിരുന്ന കുഞ്ഞ് താഴെ റോഡിൽ വീണത്. കുടുംബം പഴനിയിൽ പോയി മടങ്ങി വരുന്ന വഴിയാണ് സംഭവം. കുഞ്ഞ് വാഹനത്തിൽ നിന്നും താഴെ റോഡിൽ വീണത് ഉറക്കത്തിലായിരുന്ന അമ്മയും അറിഞ്ഞില്ലെന്നാണ് വിവരം. 
 
ഫോറസ്റ്റ് ചെക്പോസ്റ്റിൽ നിന്നും വെളിച്ചംകണ്ട ഭാഗത്തേയ്ക്ക്  കുഞ്ഞ് ഇഴഞ്ഞു നീങ്ങി. സിസിടിവിയിൽ എന്തോ റോഡിലൂടെ ഇഴയുന്നതുകണ്ട വാച്ചറാണ് ആദ്യം കുഞ്ഞിനെ കണ്ടെത്തുന്നത്. പിന്നീട് വനപാലകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മുഖത്ത് ചെറിയ പരിക്ക് ഉണ്ട്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് നാല് മണിക്കൂറിന് ശേഷം പൊലീസ്, വനം വകുപ്പ്, ചൈല്‍ഡ് ലൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടിയെ മാതാപിതാക്കള്‍ക്ക് കൈമാറി. 
 
ഇന്നലെ (ഞായറാഴ്ച) രാത്രി 10 മണിയ്ക്കായിരുന്നു സംഭവം. കമ്പിളികണ്ടം സ്വദേശികളായ സതീഷ്, സത്യഭാമ ദമ്പതികളുടെ കുട്ടിയാണ് അപകടത്തിൽപെട്ടത്.  
 
കുട്ടി വീണതറിയാതെ ജീപ്പ് മുന്നോട്ടു പോകുകയും ചെയ്തു. തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കുട്ടിയെ വനം വകുപ്പ് ഓഫീസിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകള്‍ നടത്തി. തുടര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍. ലക്ഷ്മിയെ വിവരം അറിയിച്ചു. വാര്‍ഡന്‍റെ നിര്‍ദ്ദേശ പ്രകാരം കുട്ടിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലിത്തിക്കുകയായിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍, മൂന്നാര്‍ പൊലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും വിവരം അറിയിച്ചു.  
 
ഇതിനിടയില്‍ പന്ത്രണ്ടരയോടെ കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലെത്തി ചേര്‍ന്നിരുന്നു. വാഹനത്തില്‍ നിന്ന് ഇറങ്ങുന്ന വേളയില്‍ലാണ് കുട്ടി ഇല്ലെന്ന് ഇവര്‍ തിരിച്ചറിയുന്നത്. തുടര്‍ന്ന് വെള്ളത്തൂവല്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. വെള്ളത്തൂവല്‍ സ്‌റ്റേഷിനില്‍ നിന്നും മൂന്നാററിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോളാണ് കുട്ടിയെ ലഭിച്ച വിവരം അറിയുന്നത്. മൂന്നാര്‍ ആശുപത്രിയില്‍ കുഞ്ഞ് സുരക്ഷിതമായുണ്ടെന്ന് വിവരം ധരിപ്പിച്ച മാതാപിതാക്കളെ അറിയിച്ചു. 
തുടര്‍ന്ന് കമ്പിളികണ്ടത്ത് നിന്നും പുറപ്പെട്ട് പുലര്‍ച്ചെ മൂന്ന് മണിയോടെ മൂന്നാറിലെത്തിയ മാതാപിതാക്കള്‍ക്ക് കുട്ടിയെ കൈമാറുകയായിരുന്നു.